Sunday, May 29, 2016

രാജീവ് രവിയും സിനിമയും രാഷ്ട്രീയങ്ങളും

           കമ്മട്ടിപ്പാടം കണ്ടിറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിടാതെ പിന്തുടരുന്ന ചില ജീവിതങ്ങളാണ് ഒരു കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ചത്.

മൂന്ന് മണിക്കൂര്‍ നേരം കൊണ്ട് രാജീവ് രവി കാണിച്ചു തരുന്നൊരു ലോകമുണ്ട്.
 വികസനത്തിൻറെ പേരില്‍ ഉപരിവർഗ്ഗം, സൗകര്യപൂര്‍വ്വം ചവിട്ടിമെതിച്ചുകടന്നു പോവുന്ന ജീവിതങ്ങളാണതില്‍ നിറയെ.

അധികാരവും പണവുമാകുന്ന ആയുധങ്ങള്‍ മറ്റെല്ലാ മാരകായുധങ്ങള്‍ക്കും മേലെയാണ്. തങ്ങള്‍ക്കുനേരെ അവ തങ്ങള്‍ പോലുമറിയാതെ പ്രയോഗിക്കപ്പെടുമ്പോള്‍, കീഴടങ്ങലിൻറെ വക്കില്‍ ചവിട്ടിനിന്നുകൊണ്ട് നിരായുധരായ കുറേ മനുഷ്യ ജീവികള്‍ നടത്തുന്ന നിസ്സഹായ ചെറുത്തു നില്‍പ്പിൻറെ സിനിമാനുഭവമാണ് കമ്മട്ടിപ്പാടം.

ആശാവഹമാണ് രാജീവ് രവി മുന്നോട്ട് വയ്ക്കുന്ന സിനിമാസംസ്കാരം. ഏറ്റവും സന്തോഷവും അഭിമാനവും  നല്‍കുന്നത് ഇത്രയും റിയലിസ്റ്റിക്കായ സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങുന്നു എന്നതാണ്. രാജീവ് രവി മലയാളത്തിന്റെ ഫെര്‍ണന്റോ മിറല്ലസോ, സെര്‍ജിയോ ലിയോണോ, എന്തിന് അനുരാഗ് കശ്യപ് വരെയാണ് എന്നുള്ള വിശേഷണങ്ങള്‍ തല്‍ക്കാലം നല്‍കാതിരിക്കാം. കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ജനുവിനിറ്റിയും  അവ റിയലിസ്റ്റിക്കായി കണ്‍സീവ് ചെയ്യുന്നതിലെ ബ്രില്ല്യന്‍സും മാത്രമേ ഇവരെ ബന്ധിപ്പിക്കുന്നുള്ളൂ. രാജീവിന്  ഈ കാറ്റഗറിയില്‍ സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടെന്ന് എളുപ്പം മനസ്സിലാക്കാം.

വിനായകന്റെയും മണികണ്ഠന്റെയും അവിസ്മരണീയ പ്രകടനത്തിനു സാക്ഷ്യം വഹിക്കുക എന്നതില്‍ കവിഞ്ഞ് ദുല്‍ഖറിനു കാര്യമായ സാധ്യതകള്‍ ഉള്ള വേഷമല്ല സംവിധായകന്‍ നല്‍കിയിരിക്കുന്നത്. അത് ഒരുപക്ഷേ, ടി.കെ.എന്‍ കോട്ടൂരിനെ ഒക്കെ നല്‍കി രഞ്ജിത്ത് കാണിച്ച തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കല്‍ പ്രക്രിയ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ തന്നെയാവണം. എന്തായാലും സ്ക്രീനില്‍ ജീവിക്കുകയായിരുന്ന മറ്റു രണ്ടു പേരുടെ ഇടയില്‍ ഈ "സേഫ് സോണ്‍ പ്ലേ" ദുല്‍ഖറിനെ പരിക്കേല്‍ക്കാതെ നന്നായി രക്ഷിച്ചെടുക്കുന്നുണ്ട്.

മധു നീലകണ്ഠന്റെ ഫ്രെയിമുകള്‍ അളന്നു മുറിച്ചു കാണിച്ചു തരുന്നതും മലയാളത്തിന് അത്യാവശ്യമായിക്കൊണ്ടിരിക്കുന്ന ദൃശ്യഭാഷയാണ്. കമ്മട്ടിപ്പാടത്തെ ഗ്രാമ്യ അടയാളങ്ങള്‍ നിറഞ്ഞ വഴികള്‍ക്കു മുകളില്‍ നിന്നു തുടങ്ങി വഞ്ചികള്‍ നിരന്ന കായലിനപ്പുറത്ത് ഫ്ലാറ്റുകള്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന കൊച്ചിയിലേക്കു തിരിയുന്ന അതിമനോഹരമായൊരു ദൃശ്യം അതിനുദാഹരണമാണ്.ഏരിയൽ ഷോട്ടൊക്കെ എന്തിന്/എവിടെ ഉപയോഗിക്കണം എന്നതിന് ഒന്നാംതരം റഫറൻസ് എന്നുവേണമെങ്കിൽ വിളിക്കാം.

മികച്ചൊരു ഫ്രെയിം, അനവധി വാക്കുകള്‍ക്കു പകരമായുപയോഗിക്കാവുന്ന ശക്തമായൊരു കമ്മ്യൂണിക്കേഷന്‍ ടൂളാണ്. സിനിമയുടെ ഭാഷ എന്നത് കാഴ്ച്ചകള്‍ തന്നെയാണെന്നു ബോധ്യം വന്നൊരു സംവിധായകന്റെ പക്വമായ ഇടപെടല്‍ കൂടിയാണെന്നു വേണം ഇതിനെ മന്നസ്സിലാക്കാന്‍.

മലയാളത്തില്‍ അത്രയധികം പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നോണ്‍ലീനിയര്‍ നരേഷനാണ് സിനിമ പാലിക്കുന്നത്. ലിജോജോസിന്റെ സിറ്റി ഓഫ് ഗോഡിലൊക്കെയാണ് നോണ്‍ലിനിയര്‍ ഗണത്തില്‍ ഇതിനോട് ചേര്‍ത്തു വയ്ക്കാവുന്നൊരു കയ്യടക്കം മലയാളത്തില്‍ കണ്ടിട്ടുള്ളത്.

തിരക്കഥ കത്തിച്ചതിനു ശേഷം വേണം സിനിമ ചിത്രീകരിക്കേണ്ടതെന്ന് പ്രസ്താവിച്ചയാളാണ് രാജീവ് രവി. അന്നതിന്റെ ശബ്ദാര്‍ത്ഥം മാത്രം കണക്കിലെടുത്ത് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും താന്‍ പറഞ്ഞതിന്റെ വ്യാപിച്ചു കിടക്കുന്ന അര്‍ത്ഥതലം കമ്മട്ടിപ്പാടത്തിലെത്തുമ്പോള്‍ രാജീവ് രവി കാണിച്ചു തരുന്നുണ്ട്. പറയാനുദ്ദേശിക്കുന്ന കഥയിലെ ഓരോ മുഹൂര്‍ത്തങ്ങളിലും ഓരോ ശ്വാസങ്ങളിലും വരെ സ്വന്തം കൈവെള്ളയിലെ രേഖകള്‍ പോലെ ഒരു സംവിധായകന് അവഗാഹം ഉണ്ടാവണമെന്ന് അയാള്‍ കടുംപിടുത്തം നടത്തുന്നു. സംവിധായകന്റെ മനസ്സില്‍ സിനിമ പലവുരു പ്രദര്‍ശിപ്പിക്കപ്പെട്ടെങ്കില്‍ മാത്രമേ 'ജീവനുള്ള' സിനിമയായി അതു തീയേറ്ററില്‍ പുന:സൃഷ്ടിക്കപ്പെടൂ എന്നുള്ള സൂചനയും അതു നല്‍കുന്നു.

രാജീവ് രവി താരതമ്യങ്ങള്‍ക്കതീതനാവുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. സുരക്ഷിത ഫോര്‍മുലകളാല്‍ രൂപപ്പെടുത്തിയെടുക്കാവുന്ന ഭൂരിപക്ഷ മലയാള സിനിമകളുടെ ജാഥയില്‍ നിന്നു തന്റെ മൂന്നു സിനിമകളെയും മാറ്റി നടത്തിച്ചു എന്നതുകൊണ്ടും, സിനിമ എന്ന മാധ്യമം അതിവിശാലവും ശക്തവുമായൊരു ക്യാന്‍വാസാണെന്നു തിരിച്ചറിഞ്ഞ് ചുറ്റുമുള്ള റിയാലിറ്റികളിലേക്ക് വിട്ടുവീഴ്ച്ചകള്‍ക്കു വഴങ്ങാതെ ക്യാമറ തിരിച്ചു വയ്ക്കാന്‍ ചങ്കൂറ്റം കാണിച്ചു എന്നതുകൊണ്ടു കൂടിയാണ്.

അതേ കാരണങ്ങളാണ് മലയാളത്തില്‍ മൂന്നേ മൂന്നു സിനിമകള്‍ ചെയ്ത ഒരു സംവിധായകന് "ലെജൻഡ്" എന്ന ടാഗ് ലൈന്‍ നേടിക്കൊടുക്കുന്നത്.

മൂന്നു മണിക്കൂര്‍ നേരത്തെ കാഴ്ച്ചാനുഭവത്തിലൂടെ രാജീവ് രവി എയ്തു വിടുന്ന രാഷ്ട്രീയം അതിശക്തവും സ്പഷ്ടവുമാണ്.

തങ്ങളുടെ സ്വന്തം മണ്ണില്‍ നിന്ന് വേരു നഷ്ടപ്പെട്ട് പുറംതള്ളപ്പെടുന്ന അടിസ്ഥാന വര്‍ഗ്ഗത്തിൻറെ അസ്തിത്ത്വ പ്രതിസന്ധിയും അതു മുഴക്കുന്ന ഒരുപാട് ചോദ്യങ്ങളും വിങ്ങലുകളും തന്നെയാണ് സിനിമ ബാക്കി വയ്ക്കുന്നത്.
അത്രമേല്‍ അത് യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നു നില്‍ക്കുന്നത് കൊണ്ടാണ്, തീയേറ്റര്‍ വിട്ടിറങ്ങിപ്പോരുമ്പോള്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പാട്ടിന്റെ വരികള്‍ക്കൊപ്പം ഒരു നോവായ് വിനായകന്റെ ഗംഗയും മണികണ്ഠന്റെ ബാലനും അച്ചാച്ചനുമൊക്കെ കൂടെയിറങ്ങിപ്പോരുന്നതും.


ഇതിനിടയില്‍ കണ്ടൊരു "ക്രൂരമായ തമാശ","പുലയന്‍" എന്ന വാക്ക് ഒരു തെറിപ്പദമാണെന്ന സെന്‍സര്‍ബോര്‍ഡിന്റെ കണ്ടുപിടിത്തമാണ്.

പുലയന്‍ എന്നു സിനിമയില്‍ ഉപയോഗിച്ചതിനാല്‍ 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കഴിയില്ല എന്ന്!
 
ഫ്യൂഡല്‍ കാലത്തിലെ സാംസ്കാരിക ജീര്‍ണ്ണതയില്‍ നിന്നും ഏറെയൊന്നും പുരോഗമിച്ചിട്ടില്ലാത്തൊരു സിസ്റ്റത്തില്‍നിന്നു കൂടുതലെന്തെങ്കിലും പ്രതീക്ഷിക്കുന്നത് വിവേക ശൂന്യതയാണ്. 
നാമുള്‍പ്പെടുന്ന ജനവിഭാഗം, ഏറ്റവും കഷ്ടതയില്‍ മുങ്ങിയിരിക്കുന്ന ഈ സാധുക്കളുടെ ആത്മാഭിമാനത്തിലേക്ക് കാലങ്ങളായി ചെളികോരിയെറിഞ്ഞിട്ടും മതിയാവാതെ അവരുടെ കുലം തന്നെ അശ്ലീലമാണെന്നു ഇപ്പോഴും പറഞ്ഞും  ഭയപ്പെടുത്തിയും അപമാനിച്ചുകൊണ്ടിരിക്കുന്നു.

തങ്ങള്‍ തല കുമ്പിട്ട് നടക്കേണ്ടുന്നവരാണെന്ന മിഥ്യാവബോധം അവരില്‍ സൃഷ്ടിക്കപ്പെടുന്നതോടുകൂടി ചൂഷണത്തിന്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാവും. തല കുമ്പിട്ടവന്‍ പ്രതികരിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. അങ്ങനെയുള്ള തലകള്‍ എളുപ്പം കൊയ്തെടുക്കാം.

എം. എന്‍ വിജയന്‍ മാഷൊക്കെ വളരെ വ്യക്തമായി ഈ കടന്നാക്രമണത്തെക്കുറിച്ച്  നേരത്തേ പറഞ്ഞു വച്ചിട്ടുണ്ട്:

"ബുദ്ധിയെ തോൽപ്പിക്കാൻ ബുദ്ധിയുടെ ഉറവിടമായ തല പൊളിക്കുകയാണ് നല്ലത് എന്ന വളരെ കൃത്യമായ ഒരു വാദതന്ത്രം, ഒരു തർക്കശാസ്ത്രം ഫാസിസ്റ്റുകള് രൂപപ്പെടുത്തിയിട്ടുണ്ട്.
തർക്കിക്കുന്നതിനേക്കാള് എളുപ്പം തലക്കടിക്കുന്നതാണ്.
തല പിളർന്നവൻ ചിന്തിക്കുന്നില്ല എന്ന ദർശനശാസ്ത്രത്തിലേക്ക് എത്തിച്ചേര്ന്നിരിക്കുന്ന ഒരു ഫാസിസം ആദ്യം നിങ്ങളെ അച്ചടിച്ച പുസ്തകങ്ങൾ കൊണ്ടും പിന്നീട് ഉരുട്ടിയെടുത്ത പാരകൾ കൊണ്ടും
വകവരുത്താൻ ശ്രമിച്ചുകൊണ്ടിരിക്കും"


വരിക്കാശ്ശേരിമന സിന്‍ഡ്രോമില്‍ നിന്നൊക്കെ പൂര്‍ണ്ണമായൊരു മുക്തി നേടാന്‍ സാധിക്കാത്ത കാരണവന്മാരുടെ സവര്‍ണ്ണ അശ്ലീലങ്ങള്‍,സിനിമയെന്ന പേരില്‍ ശരാശരി മലയാളിയുടെ വ്യക്തിത്ത്വ ബലഹീനതകളെ നന്നായി താലോലിച്ചു കൊണ്ട് ഇനിയും തല പൊക്കിയേക്കാം.
എന്നാല്‍ ഇത്തരത്തിലൊരു കാഴ്ച്ചാ സംസ്കാരം വേരുപിടിച്ചു വരുന്ന സാഹചര്യത്തില്‍ കാലഘട്ടത്തിനോ തലമുറയ്ക്കോ ചേരാത്ത സാംസ്കാരിക മാലിന്യമായി കണ്ട് വളര്‍ന്നു വരുന്ന തലമുറ അവ തള്ളിക്കളയാനുള്ള സാധ്യതയേ കാണുന്നുള്ളൂ.

രാജീവ് രവി ഉള്‍പ്പെടുന്ന, ഒരു കൂട്ടം വേറിട്ട് നില്‍ക്കുന്ന സംവിധായകര്‍ ഉയര്‍ത്തുന്ന ശബ്ദം, ഒറ്റപ്പെട്ടതെങ്കിലും ഘനമുള്ളതും മുഴക്കം നിറഞ്ഞതുമാണ്.
അവരുടെ സുരക്ഷിതമായ കൈകളില്‍ ഭാവി ശോഭനമാണ്.