നാട്ടിൽ അയൽവക്കത്തുള്ള ഒരാൾക്കു പോലും സ്വന്തമായി വിമാനങ്ങൾ ഇല്ലാത്തതുകൊണ്ട് ഈ ഫീൽഡിൽ ഒരു ജോലി കിട്ടണമെങ്കിൽ ബാംഗ്ലൂരിൽ തന്നെ പിടിച്ചു നിന്നേ പറ്റൂ എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുവരുന്ന സമയം..
ഒരു താൽക്കാലിക ജോലി നോക്കുന്നതിനിടയിലാണ്
അറിയപ്പെടുന്ന ഒരു ലോക്കൽ സെർച്ച് എൻജിനിൽ ജോലി ശരിയാവുന്നത്..
സംഗതി സിമ്പിൾ!
ബാംഗ്ലൂരിലെ സ്ഥാപനങ്ങൾ, സർവീസുകൾ എന്നിവയുടെ അഡ്രസ്സും ഫോൺ നമ്പറുമൊക്കെ അന്വേഷിച്ചു വിളിക്കുന്ന ആളുകൾക്ക് വേണ്ടുന്ന വിവരങ്ങൾ കൈമാറുക..
അന്നത്തെക്കാലത്തെ തരക്കേടില്ലാത്ത ശമ്പളം..
പെരുത്ത് സന്തോഷം..!
മറ്റ് കോൾ സെൻററുകൾ പോലെ കസ്റ്റമേഴ്സിൻ്റെ തെറി കേൾക്കേണ്ടി വരില്ല എന്നതും ഓരോ കോൾ കഴിയുമ്പോഴും ആരെയെങ്കിലും സഹായിക്കാൻ പറ്റി എന്നാലോചിച്ച് സ്വയം ഷോൾഡറിൽ തട്ടി അഭിനന്ദിക്കാൻ തോന്നുന്ന അവസരങ്ങൾ ഇടയ്ക്കിടെ കിട്ടുന്നത് കൊണ്ടും ആദ്യമൊക്കെ നല്ല എക്സൈറ്റ്മെന്റ് ആയിരുന്നു..
പക്ഷേ, ദിവസേന 400 ൽ അധികം തവണ എക്സൈറ്റഡ് ആവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ എക്സൈറ്റ്മെന്റ് കുറച്ചു കുറഞ്ഞാലും കുഴപ്പമൊന്നുമില്ല എന്ന് വേഗം തന്നെ തോന്നിത്തുടങ്ങിയിരുന്നു..
അങ്ങനെയിരിക്കെ ഒരു ദിവസം, നല്ല "നോർത്തിന്ത്യൻ ഇംഗ്ലീഷിൽ" ഒരു കോൾ..
"സാർ, ബാബു ഗുണേശൻ്റെ നമ്പർ വേണം.."
പാവം..
പണ്ടത്തെ ടെലിഫോൺ ഡയറക്ടറിയിൽ ഉള്ളതുപോലെ മൂപ്പരുടെ പരിചയക്കാരുടെയൊക്കെ നമ്പർ ഇവിടെ കിട്ടുമെന്ന് വിചാരിച്ചു വിളിക്കുന്നതായിരിക്കും..
"റിയലി സോറി.. വ്യക്തിപരമായ വിവരങ്ങൾ തരാൻ നിർവ്വാഹമില്ല.. സ്ഥാപനങ്ങളെയോ സർവീസുകളെയോ കുറിച്ചുള്ള വിവരങ്ങൾ തന്ന് നിങ്ങളെ സഹായിക്കാൻ പറ്റും.."
സഹായിക്കാൻ പറ്റാത്തതിന്റെ കഠിന ദുഃഖം മറുപടിയിൽ കുത്തിക്കേറ്റി ഞാൻ ഖേദം പ്രകടിപ്പിച്ചു..
പക്ഷേ പ്രതീക്ഷിച്ചതായിരുന്നില്ല മറുപടി..
"സർ.. ബാബു ഗുണേശൻ ഒരു റസ്റ്റോറന്റിന്റെ പേരാണ്!!"
ഞാൻ മനസ്സിൽ പറഞ്ഞു:
അത് കൊള്ളാം.. ഓരോരോ പേരുകൾ..!
തമിഴ്നാട്ടുകാരനായ ഗുണേശന്റെ മകൻ ബാബു സ്വന്തം പേരിൽ തുടങ്ങിയ റസ്റ്റോറൻറ് വല്ലതുമായിരിക്കും..
എന്നാലും ഇങ്ങനെയൊക്കെ ആരെങ്കിലും റസ്റ്റോറൻ്റിന് പേരിടുമോ..?
ജോയ് ആലുക്കാസിനും
ജോസ് ആലുക്കാസിനുമൊക്കെ സ്വന്തം പേരിടാമെങ്കിൽ വൈ നോട്ട്!!
നോർത്തിന്ത്യക്കാരനായിട്ടും സൗത്തിന്ത്യൻ ഭക്ഷണം എക്സ്പ്ലോർ ചെയ്യാൻ താല്പര്യമെടുക്കുന്ന ഈ ഭക്ഷണസ്നേഹിയെ സഹായിച്ചിട്ട് തന്നെ കാര്യം എന്ന് തീരുമാനിച്ച എൻ്റെ സൗത്ത് ബ്ലഡ് തിളച്ചു..
ബാബു ഗുണേശൻ..
ബാബു ഗുണേഷൻ..
ബാബു ഗണേശൻ..
എൻറെ സെർച്ചിംഗ് സ്കിൽ മുഴുവൻ പുറത്തെടുത്തിട്ട് കീബോർഡിൽ മുട്ടിയിട്ടും ആ പേരിൽ ഒരു റസ്റ്റോറൻറ് ഇല്ല..
ഇത്രയും വ്യക്തമായും സ്പഷ്ടമായും പേര് പറഞ്ഞ അങ്ങേരോട് സ്പെല്ലിംഗ് ചോദിക്കുന്നത് നമുക്കൊരു കുറച്ചിലാണല്ലോ എന്ന തുടക്കത്തിലെ ഈഗോ ഞാൻ അതോടുകൂടി മാറ്റിവച്ചു..
സമയം മെനക്കെടുത്തിയതിന്റെ ചമ്മൽ മറച്ചുവെച്ച് ഞാൻ ചോദിച്ചു:
"സ്പെല്ലിങ് ഒന്നു പറയാമോ..?"
ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരത്തിനും ആവശ്യത്തിൽ കൂടുതൽ സ്ട്രെസ്സ് കൊടുത്ത് അദ്ദേഹം അക്ഷരങ്ങൾ ഓരോന്നായി എന്റെ മുന്നിൽ നിരത്തി..
B A R B E Q U E N A T I O N
ബാർബിക്യു നേഷൻ !!!
(പ്രശസ്തമായ ബഫെ റസ്റ്റോറൻറ് ചെയിൻ)
ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ!
"യോദ്ധ"യിലെ കുട്ടിമാമയുടെ ലുക്കിലുള്ള ഒരു മാർവാഡി വായിൽ മുറുക്കാൻ നിറച്ചതും വച്ച്
"ബാർബിക്യു നേഷൻ"
എന്ന് പറയുന്നത് സങ്കൽപ്പിച്ചു നോക്കിയപ്പോൾ അങ്ങേരു പറയുന്നതാണ് ശരി എന്ന്
അംഗീകരിച്ചു കൊടുക്കാൻ മനസ്സ് സമ്മതിച്ചു..!!