കാലം: 2011
സ്ഥലം: ബാംഗ്ലൂർ
അമ്മാവന്മാരുടെ ടോണിൽ പറഞ്ഞാൽ,
ഇന്നത്തെ ബാംഗ്ലൂരൊക്കെ ഒരു ബാംഗ്ലൂരാണോ..
അതൊക്കെ അന്ന്..!
നട്ടുച്ചയ്ക്ക് പോലും ശീതക്കാറ്റ് വീശിയിരുന്ന.. ഉദ്യാന നഗരം എന്ന് അന്തസ്സായി വിളിക്കാൻ പറ്റിയിരുന്ന പണ്ടത്തെ ബാംഗ്ലൂർ..!
HAL ൽ ട്രെയിനിങ് ശരിയായപ്പോൾ കുടുംബത്തിൽ ഉയർന്നുവന്ന പ്രധാന ചോദ്യം "ബാംഗ്ലൂരിൽ ആരെയെങ്കിലും പരിചയമുണ്ടോ?" എന്നതായിരുന്നു.
നമുക്കാണെങ്കിൽ അക്കാലത്ത് ബാംഗ്ലൂരിൽ ആകെ അറിയാവുന്നത് രാഹുൽ ദ്രാവിഡിനെ മാത്രമാണ് എന്ന കാര്യം മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്നതാണല്ലോ..
അപ്പോഴാണ് പരിചയത്തിലുള്ള ശ്യാമേട്ടൻ ബാംഗ്ലൂരിലുണ്ട് എന്നറിഞ്ഞത്.
ശ്യാമേട്ടൻ, സിബിയേട്ടൻ, സുനിയേട്ടൻ എന്നിവർ മത്തി പൊരിക്കാൻ അടുക്കിയത് പോലെ അഡ്ജസ്റ്റ് ചെയ്ത് ഉറങ്ങുന്ന റൂമിലേക്ക് കുറച്ചു സ്‌പേസ് ഉണ്ടാക്കിയാണ് അവർ എന്നേം ഏറ്റെടുത്തത്.
HAL ൽ രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന ഷിഫ്റ്റിനെത്താൻ അഞ്ചുമണിക്ക് എണീറ്റ് കുളിച്ച് റെഡിയായി മെയിൻ റോഡിലേക്ക് തണുത്ത് വിറച്ചോടണം..ബസ്സ് കിട്ടണമെങ്കിൽ..
റോഡിൽ എത്തുമ്പോഴേക്ക് കൈവിരലുകൾ മടക്കാൻ പോലുമാവാതെ മരവിച്ചിട്ടുണ്ടാകും..
ആ ലെവലിലുള്ള തണുപ്പ്..!
അപ്പോഴൊക്കെ ബാക്കി മൂന്നുപേരും രാജകീയമായി ഉറങ്ങുന്നുണ്ടാവും.
റൂമിൽ നിന്ന് നടന്നു പോകാവുന്ന ദൂരത്തിലുള്ള ഒരു ഐ.ടി സ്റ്റാർട്ടപ്പ് കമ്പനിയിൽ ജോലിയുള്ളതിന്റെ വെറും അഹങ്കാരം.
അതുകൊണ്ടുതന്നെ, ഒരു 9 മണി വരെയൊക്കെ ആർമ്മാദിച്ച് ഉറങ്ങിക്കളയും ഇവരൊക്കെ..
(സ്റ്റാർട്ടപ്പ് എന്നാൽ "പെട്ടെന്ന് പൂട്ടിപ്പോയേക്കാവുന്ന കമ്പനി" എന്നൊരു അർത്ഥം കൂടിയുണ്ടെന്ന് ആ കമ്പനി തന്നെയാണ് മനസ്സിലാക്കിത്തന്നത്!)
നാരുകളൊക്കെ കൊഴിഞ്ഞ ഒരു പഴയ ടൂത്ത് ബ്രഷ് അക്കാലത്ത് ഞങ്ങളുടെ ബാത്ത്റൂമിലുണ്ടായിരുന്നു..
പല്ലുതേക്കുന്ന സർവീസിൽനിന്ന് റിട്ടയർ ചെയ്ത്, പുതിയതായി ഏറ്റെടുത്ത ചെരുപ്പ് തേക്കൽ റോളിൽ സംതൃപ്ത ജീവിതം നയിച്ചു വരുകയായിരുന്നു അത്.
ചില പ്രമുഖ കമ്പനികൾ അവരുടെ പ്രൊഡക്ടിന്റെ പെർഫോമൻസ് വളരെ നന്നായി പുറത്തെടുത്ത് ഉപയോഗിക്കുന്ന ആളുകളെ കണ്ടുപിടിച്ച് ആദരിക്കുന്ന ഒരു കീഴ്‌വഴക്കമുള്ളതായി കേട്ടിട്ടുണ്ട്..
ഉദാഹരണമായി, കാറുകൾക്ക് കമ്പനി പറയുന്നതിലും കൂടുതൽ മൈലേജ് ഉണ്ടാക്കിക്കാണിച്ചു കൊടുക്കുന്നവർ..
അതല്ലെങ്കിൽ, കമ്പനി പറയുന്നതിലും കൂടുതൽ കാലം പ്രൊഡക്ട് ഉപയോഗിച്ച് കാണിച്ചു കൊടുക്കുന്നവർ.. എന്നിവരെയൊക്കെ വിളിച്ചുവരുത്തിയതിനുശേഷം പുറത്തു തട്ടി,
"വെൽഡൺ മൈ ബോയ്"
എന്ന് പറയുന്ന, ചേതമില്ലാത്തൊരു ആനന്ദ് മഹീന്ദ്ര ലെവൽ പ്രോത്സാഹനം!
സിബാക്ക കമ്പനി മുതലാളി ഞങ്ങളെ പരിചയമില്ലാത്തത് കൊണ്ട് മാത്രമാണ് അങ്ങേരുടെ ഈ പ്രമുഖ പ്രോഡക്ടിന് ഇത്രേം എക്സ്റ്റൻഡഡ് ലൈഫ് കൊടുത്ത് ഉപയോഗിക്കുന്ന ചെറുപ്പക്കാരെ കെട്ടിപ്പിടിച്ച് ആനന്ദാശ്രു പൊഴിക്കാതിരുന്നത്..!
കാലം അങ്ങനെ കടന്നു പോയി..
അലക്കാത്ത തുണികളുമായി അശോകയുടെ ബസ്സിൽക്കേറി നാട്ടിൽ പോയ ഞാനും എൻറെ ബാഗും, അലക്കി വെളുപ്പിച്ച തുണികളും അച്ചാറും മിച്ചറും ഒക്കെയായി ഇതിനിടയിൽ പലതവണ തിരിച്ചെത്തി..
അങ്ങനെയിരിക്കെ,
എല്ലാവർക്കും ലീവ് ഉള്ള ഒരു ദിവസം ബാത്റൂമിൽ നിന്ന് കഥാനായകനായ ടൂത്ത് ബ്രഷ് പൊക്കിപ്പിടിച്ചുകൊണ്ട് സിബിയേട്ടൻ പുറത്തേക്ക് വന്നു.
"ഇതെങ്ങനെയാണ് നനഞ്ഞത്?"
അമ്പയർ "ഔട്ട്" വിളിക്കുന്ന പോസിൽ ബ്രഷും പിടിച്ചുനിൽക്കുകയാണ് സിബിയേട്ടൻ..
ഞാൻ ബ്രഷിനെയും സിബിയേട്ടനെയും മാറിമാറി നോക്കി..
ചെരുപ്പ് തേക്കുന്ന ഒരു ബ്രഷിനോട് തോന്നേണ്ടതായ അറ്റാച്ച്മെന്റിനേക്കാൾ ഒരിത്തിരി കൂടുതൽ അറ്റാച്ച്മെന്റ് മൂപ്പർക്ക് ബ്രഷിനോടുണ്ടോ എന്ന് സംശയം തോന്നിയ മൊമെന്റില്‍ എനിക്കെന്തോ അപകടം മണത്തു.
മൂപ്പരുടെ ഒരു ബോഡി ലാംഗ്വേജിനെ എൻറെ ഒരു കോമൺസെൻസ് വച്ച് അളന്നുനോക്കിയപ്പോൾ ഞാൻ ശരിക്കും ഞെട്ടി..
അപ്പോൾ, കഴിഞ്ഞ മൂന്നു മാസമായി ഞാൻ ചെരുപ്പ് തേച്ചു കൊണ്ടിരുന്നത്,
ഉപയോഗശൂന്യമായി എന്ന് കരുതിയ..
സിബിയേട്ടൻ പല്ലുതേക്കാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രഷ് വെച്ചാണ്..!!
അപകടം മണത്ത ഉടനെ സ്പൊണ്ടേനിയസ്‌ലി നാല് കാലും കുത്തി ബാലൻസ് ചെയ്യാൻ നമ്മളെ ആരും പഠിപ്പിക്കേണ്ടല്ലോ..
"അത് പിന്നെ സിബിയേട്ടാ.. അത് ബക്കറ്റിൽ വീണിട്ടുണ്ടായിരുന്നു.. ഞാൻ എടുത്തു വച്ചതാ.."
സ്വാഭാവിക അഭിനയത്തിന്റെ നിറകുടത്തിൽ നിഷ്കളങ്കത കൂടി വാരിയിട്ടിളക്കി ഞാൻ വിനയാന്വിതനായി.....
കഴിഞ്ഞ മൂന്നുമാസം എന്നിട്ട് എന്തുകൊണ്ട് ഈ ബ്രഷ് മോണിങ്ങ് ഷിഫ്റ്റിലും ജനറൽ ഷിഫ്റ്റിലുമായി, രണ്ടു വ്യത്യസ്ത തസ്തികകളിൽ ജോലി ചെയ്യേണ്ടി വന്നു എന്നാലോചിച്ചപ്പോൾ ഞാൻ ഒന്നുകൂടി ഞെട്ടി..
രാവിലെ അഞ്ചുമണിക്ക് മോണിംഗ് ഷിഫ്റ്റിൽ ചെരുപ്പ് വൃത്തിയാക്കിയ ബ്രഷിൽ നിന്ന് 9 മണിയുടെ ജനറൽ ഷിഫ്റ്റ് ആവുമ്പോഴേക്ക് വെള്ളമൊക്കെ വളർന്നു പോയി ഡ്രൈ ആകുമല്ലോ..
സ്വന്തം പല്ലു പോയിട്ട് ശത്രുവിന്റെ പല്ലു തേക്കാൻ പോലും റക്കമെന്റ് ചെയ്യാൻ പറ്റാത്തത്രേം പരിതാപകരമായ അവസ്ഥ യിലുള്ള ആ ബ്രഷിനെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് സിബിയേട്ടൻ പറഞ്ഞു:
"ആ.. എന്നാ സാരമില്ല.."
ബ്രഷ് ഒന്നുകൂടി കഴുകി, പേസ്റ്റും എടുത്ത് പല്ലുതേക്കാൻ ഒരുങ്ങുകയാണ് മൂപ്പർ..
എന്തു ചെയ്യണമെന്ന് എനിക്കൊരു ഐഡിയയും കിട്ടിയില്ല..
തടയാൻ എന്റെ കൈ തരിച്ചു.
കുറച്ചുനേരത്തേക്ക്, നകുലൻറെ ചായക്കപ്പ് തട്ടിക്കളയാൻ ഓടിയെത്തുന്ന ഡോക്ടർ സണ്ണി ആയാലോ എന്നുവരെ ആലോചിച്ചു..
പക്ഷേ, സത്യമറിഞ്ഞാൽ മൂപ്പർ അങ്കമാലി ഡയറീസിലെ "പോത്ത്" ആകും എന്നൊരു ഞെട്ടലോടുകൂടി ഓർത്തപ്പോൾ ആ തീരുമാനം വേണ്ടെന്നു വച്ചു!
അല്ലെങ്കിലും നമ്മളെക്കാൾ രണ്ടിരട്ടി സൈസൊക്കെയുള്ള ഒരാളുടെ മനസ്സു വേദനിപ്പിച്ചിട്ട് നമുക്കെന്ത് നേട്ടം കിട്ടാനാണ്..?!
പ്രത്യേകിച്ച്, ബിൽഡിങ്ങിന്റെ നാലാം നിലയിൽ നിന്നു തെറിച്ചു വീണാൽ പിന്നെയൊരു തിരിച്ചുവരവുണ്ടാവുകയേ ഇല്ല എന്നുകൂടി ബോധ്യമുള്ളപ്പോൾ..
*******
രോമാഞ്ചം എന്ന സിനിമ ഹിറ്റായതിൽ യാതൊരു അത്ഭുതവും തോന്നിയില്ല..
ബാംഗ്ലൂരിൽ ബാച്ചിലർ ലൈഫ് ജീവിച്ചവർ കൊടുത്ത ഫീഡ്ബാക്ക് മാത്രം മതിയാകും!
തിയേറ്ററിൽ, ഓരോ സീനിലും ചുറ്റുമുള്ളവർ ആർത്തുചിരിക്കുമ്പോൾ "മിഥുന"ത്തിലെ ഇന്നസെന്റിനെപ്പോലെ കൈയ്യുംകെട്ടി കുലുക്കമില്ലാതെയിരുന്ന അനേകായിരം ബാംഗ്ലൂരിയൻസിൽപ്പെട്ട ഒരാളായിരുന്നു ഞാനും..
"ഇതൊക്കെയെന്ത്" എന്ന ഭാവം.
സിനിമയിൽ ഒരുവൻ കൂട്ടുകാരന്റെ പല്ലുതേക്കുന്ന ബ്രഷ് എടുത്ത് വാഷ്ബേസിൻ തേച്ച് കഴുകുന്ന സീൻ വന്നപ്പോൾ, തീയേറ്ററിൽ കൂട്ടച്ചിരി ചിരിച്ചവരുടെ കൂട്ടത്തിലും ഞാനുണ്ടായിരുന്നില്ല..
മിഡിൽ ഈസ്റ്റിലെ ഏതോ ലക്ഷ്വറി അപ്പാർട്ട്മെന്റിലിരുന്ന് ഇപ്പോൾ ഇലക്ട്രിക് ട്രൂത്ത് ബ്രഷ് ഒക്കെ വച്ച് പല്ല് തേച്ചു കൊണ്ടിരിക്കുന്ന സിബിയേട്ടനോട് മനസ്സുകൊണ്ട് മാപ്പു പറയുകയായിരുന്നു അപ്പോൾ..